National
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ഫണ്ടിലേക്കും സംഭാവനകളിലേക്കുമുള്ള തുക മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പുതിയ എസ്ഐടി രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. കേസിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹർജിക്കാർക്ക് കോടതി കർശന മുന്നറിയിപ്പും നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പോലീസ് അന്വേഷണത്തിന്റെ മുദ്രവെച്ച റിപ്പോർട്ട് സമർപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിഷയം പരിശോധിച്ച എസ്ഐടിയെത്തന്നെ കേസിന്റെ അന്വേഷണം ഏൽപ്പിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
സംഭവം ഗൗരവമുള്ളതാണെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ചൂണ്ടിക്കാണിച്ച് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്ന് കോടതി ഓർമിപ്പിച്ചു. അതേസമയം, കേസിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്ഐടി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ആവശ്യത്തിൽ ആഭ്യന്തര വകുപ്പ് ഉരുണ്ടുകളിക്കുന്നതായി ആക്ഷേപം.
കേസിൽ അട്ടിമറി സാധ്യതകൾ ഒഴിവാക്കാനും കൃത്യമായ അന്വേഷണം ഉറപ്പാക്കാനും ഉന്നതതലത്തിലുള്ള എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടും സർക്കാർ വ്യക്തമായ തീരുമാനമെടുക്കാതെ ഒളിച്ചുകളിക്കുകയാണെന്നാണ് വിമർശനം.
മഹേശന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഉന്നതരുടെ പങ്കും പുറത്തുകൊണ്ടുവരാൻ നിലവിലെ അന്വേഷണ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, വിഷയം രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ നിസംഗത തുടരുകയാണ്.
അതേസമയം, ഈ വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ നൽകിയ പരാതിയിലും വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിലും കോൺഗ്രസ് നേതൃത്വവും ആഭ്യന്തര വകുപ്പും പുലർത്തുന്ന പുലർത്തുന്ന മൗനം അണികൾക്കിടയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
കേസ് അട്ടിമറിക്കാനുള്ള ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണോ എസ്ഐടി രൂപീകരണത്തിൽ ആഭ്യന്തര വകുപ്പ് കാലതാമസം വരുത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Movies
സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില് തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില് അന്വേഷണം പൂര്ത്തിയായി. കുറ്റപത്രം ഉടന് സമര്പ്പിക്കും.
കൂടുതല് വകുപ്പുകള് ഉള്പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. കേസിന് മുന്പ് ചില ഒത്തുതീര്പ്പ് ശ്രമങ്ങള് നടന്നതായി വിവരമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
കേസില് നടന് ബോബി കുര്യനും സഹ സംവിധായിക ശാലിനിക്കും ക്ലീന് ചിറ്റ് നല്കിയിരിക്കുകയാണ് എസ്ഐടി. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചു എന്നതിന് തെളിവില്ല. നടന് ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചുവെന്നതിന് ഇരുവര്ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന് ചിറ്റ് നല്കിയിരിക്കുന്നത്.
അതേസമയം, ജാമ്യവ്യവസ്ഥയില് ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്തു പോകണമെന്ന ആവശ്യം അടക്കം കോടതിയില് ഉന്നയിക്കും. ഹര്ജി നാളെ നല്കാനാണു തീരുമാനം.
ഫോര്ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില് വച്ച് പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് ഏപ്രില് ഒന്നിനു രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്നു രാത്രി തൊടുപുഴയില് വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാര് തടഞ്ഞു നിര്ത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്തിന്റെ പുതിയ സിനിമയില് അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല് പ്രാധാന്യമുള്ള റോള് നല്കാമെന്നു പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
ലൈംഗികാതിക്രമ കേസില് ഉപാധികളോടെ ജാമ്യം ലഭിച്ച രഞ്ജിത്ത് ജയില് മോചിതനായിരുന്നു. 10 ദിവസത്തെ ജയില്വാസത്തിനു ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ഇയാള്ക്ക് ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് എപ്പോള് വേണമെങ്കിലും ഹാജരാകാമെന്നും ഇയാള് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല് താന് വിമര്ശിക്കുകയും ചില സീനുകള് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇക്കാര്യം സെറ്റില് എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാല്, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകള് ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്റെ അവകാശവാദം.
രഞ്ജിത്തിനന്റെ സിനിമയില് നിന്നുള്ളവരാണ് പ്രധാന സാക്ഷികള് എന്നതിനാല് ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന് സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചില്ല. താന് സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില് പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്നുകരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്നു പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് എപ്പോള് വേണമെങ്കിലും ഹാജരാകാം.
National
ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങൾ, അനിൽ അംബാനി എന്നിവർക്കെതിരെയുള്ള വൻതോതിലുള്ള ബാങ്ക് വായ്പാ തട്ടിപ്പ് ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള പണം തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.
നിലവിലെ അന്വേഷണത്തിൽ ഉണ്ടായ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി ഇന്ത്യ വിട്ടുപോകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന ആശങ്ക പരിഗണിച്ചാണ് ഈ നടപടി.
വായ്പകൾ അനുവദിക്കുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കോ ഗൂഢാലോചനയോ ഉണ്ടോ എന്ന് പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പൊതുപണം വകമാറ്റിയതിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.
ഏകദേശം 1.78 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം. ഷെൽ കമ്പനികളിലൂടെയും സങ്കീർണ്ണമായ ഇടപാടുകളിലൂടെയും പണം വകമാറ്റിയതായി ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാൻചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ കേന്ദ്ര സെക്രട്ടറി ഇഎഎസ് ശർമ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായും വേഗത്തിലും നടപടികൾ പൂർത്തിയാക്കണമെന്നും ഓരോ മാസവും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എല്ലാ അന്വേഷണവും മരവിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
"സ്വർണ്ണക്കൊള്ള കേസിലെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്.'-ചെന്നിത്തല കുറ്റപ്പെടുത്തി.
കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
National
ബംഗളൂരു: ആധായനികുതി വകുപ്പ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തില് മനംനൊന്താണ് റോയി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു.
6.35 എംഎം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
ആദായി നികുതി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദുബായിൽനിന്ന് ദിവസങ്ങൾക്ക് മുൻപ് റോയി ബംഗളൂരുവിലെത്തിയത്. മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രാജ്യാന്തര ബന്ധം സംശയിക്കുന്ന സൂത്രധാരൻ ദിണ്ഡിഗൽ സ്വദേശി ഡി. മണി എന്തിന് കള്ളം പറഞ്ഞുവെന്നു പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി, താൻ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണെന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇതിൽനിന്നുതന്നെ മണിയുടെ രാജ്യാന്തര ബന്ധം വ്യക്തമാകുമെന്നാണു സൂചന.
തനിക്ക് സ്വർണത്തിന്റെയോ ഡയമണ്ടിന്റെയോ ബിസിനസുകൾ ഇല്ലെന്നാണ് ഡി. മണി വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോൾ അന്വേഷണസംഘത്തോടു പറഞ്ഞത്. ഇതു സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കുന്നതിനായി ഡി. മണിയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
സ്വർണ ബിസിനസുമായി ബന്ധപ്പെട്ടവരുമായി പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പ്രധാന ശ്രമം. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുചില ഇടപാടുകാരിൽ നിന്നും മണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജനുവരി അഞ്ചിനോ ആറിനോ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എസ്ഐടി ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യും. മണിയുടെ സഹായി ശ്രീകൃഷ്ണനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടുണ്ട്.
ഡി. മണിയെന്ന് വിളിപ്പേരുള്ളത് എം.എസ്. മണി തന്നെയാണെന്നു കഴിഞ്ഞ ദിവസം എസ്ഐടി സ്ഥിരീകരിച്ചിരുന്നു. ബാലമുരുകനെയാണ് എം.എസ്. മണി വിളിക്കാറുള്ളതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണി മറ്റുള്ളവരുടെ പേരിലാണ് മൊബൈൽ ഫോണ് കണക്ഷനുകൾ എടുക്കുന്നത്. കഴിഞ്ഞ ദിവസം ദിണ്ഡിഗലിൽ എത്തിയ എസ്ഐടി മണിയെ ചോദ്യംചെയ്തിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ പരിശോധനയും നടത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും നടത്തുന്നില്ലെന്നും മണി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തിനു പിന്നിൽ രാജ്യാന്തര ലോബിയുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് ഡി. മണിയെന്നുമായിരുന്നു പ്രവാസി വ്യവസായി പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയത്. പ്രവാസി വ്യവസായിക്ക് ഇക്കാര്യങ്ങൾ അറിയാമെന്ന വിവരം കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇതോടെയാണ് ദിണ്ഡിഗൽ മണിയെ തേടി പോലീസ് എത്തിയത്.
ദുരൂഹതകളുടെ കൂടാരമാണ് മണിയെന്നും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്നുമാണ് എസ്ഐടി നിലപാട്.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. രാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകി.
റാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.
കൊലപാതക കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും.
കുടുംബത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം ഉറപ്പുകൾ നൽകിയിരിക്കുന്നത്. ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടർ വാർത്താക്കുറിപ്പായി പുറത്തിറക്കും. വാർത്താക്കുറിപ്പ് പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിക്കുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മൊഴിയെടുപ്പ്. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക.
നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ചെന്നിത്തല കൈമാറുമോ എന്നതിലും വ്യക്തതയില്ല.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം.
മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു.
പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്
ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ലെന്ന് കത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്.നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്കിയിരുന്നു.
എന്നാല് ആരോഗ്യകാരണങ്ങളാല് ഹാജരാകാന് സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന് ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്ഡ് പ്രസിഡന്റുമായിരുന്ന എന്. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള് റിമാന്ഡിലാണ്.
പത്മകുമാര് പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്ഡില് പ്രധാന പദവി വഹിച്ചിരുന്നു. സ്വര്ണ്ണക്കൊള്ളയില് വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില് വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര് എന്നിവരെ അറസ്റ്റ് ചെയ്തതില് നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില് ഉള്പ്പെടെ പത്മകുമാറും വാസുവും തമ്മില് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്ഡില് പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.
ഇതിനെല്ലാം സര്ക്കാരില് നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില് കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന് നോട്ടീസ് നല്കിയിരിക്കുന്നത്.
സാവകാശം തേടി എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളകേസില് ചോദ്യം ചെയ്യലിന് ഹാജരാകാന് സാവകാശം തേടി എ. പത്മകുമാര്. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകള് കാരണം ഉടന് ചോദ്യം ചെയ്യലിന് ഹാജരാകാന് സാധിക്കില്ലെന്നും സാവകാശം വേണമെന്നുമാണ് പത്മകുമാര് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം ശബരിമല സ്വര്ണക്കൊള്ള കേസില് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള് കൂടി ഉള്പ്പെടുത്തി. ദേവസ്വം ബോര്ഡ് അംഗങ്ങളും ജീവനക്കാരും അഴിമതി നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്.
Kerala
തിരുവനന്തപുരം: വ്യാജ പരാതിയുടെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപണമുയർന്ന ഇൻസ്പെകടറെയും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തി.
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ ഇദ്ദേഹത്തെ പിൻവലിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വിവാദ ഉദ്യോഗസ്ഥനെ പിൻവലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം ശബരിമല പ്രത്യേക അന്വേഷണസംഘം വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് വിവാദ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
മാലമോഷണം ആരോപിച്ച് വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്ത്രീയെ മനുഷ്യത്വ രഹിതമായി പീഡിപ്പിച്ചതിൽ നിന്ന് എസ്എച്ച്ഒയ്ക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച സംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, എസ്എച്ച്ഒയ്ക്കെതിരേ സ്ഥലംമാറ്റം മാത്രമാണുണ്ടായത്. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി വിപുലീകരിച്ചത്.എന്നാൽ, എസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മറ്റുള്ള ഉദ്യോഗസ്ഥരെ സഹായത്തിനായാണ് നിയോഗിച്ചതെന്നുമാണ് എഡിജിപി പറയുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ ഉന്നതരുടെ അറസ്റ്റുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം സൂചന നൽകി. ശ്രീകോവിലിലെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെടക്കം ഉടൻ പിടിവീഴും. രണ്ട് മുൻ പ്രസിഡന്റുമാരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ പങ്ക് കണ്ടെത്താൻ മുഖ്യപ്രതിയായ മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ തിരിമറി നടത്തിയതെന്നാണ് പ്രതികളിൽ ചിലരുടെ മൊഴി.
അതിനിടെ, ശബരിമലയിലെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാട്ടി 2019 സെപ്റ്റംബറിൽ തിരുവാഭരണം മുൻ കമ്മീഷണർ ആർ.ജി.രാധാകൃഷ്ണൻ നൽകിയ കത്ത് എസ്ഐടി പിടിച്ചെടുത്തു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെ സന്ദർശനത്തിനു ശേഷമാണ് രാധാകൃഷ്ണൻ ഈ കത്ത് നൽകിയത്. ഇത് ബോർഡ് പരിഗണിക്കാതിരുന്നത് സ്വർണക്കൊള്ളയ്ക്കു വഴിയൊരുക്കാനാണെന്നാണ് നിഗമനം.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് ഹൈക്കോടതി നിയോഗിച്ചത്.
ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല് 14 ചെമ്പുപാളികളാണ് സ്വര്ണം പൂശാന് നല്കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്ക്കായി പാളികള് ഇളക്കിയെടുത്തപ്പോള് ദേവസ്വം മഹസറില് ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള് തിരികെ എത്തിയപ്പോള് 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള് സ്വര്ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്ക്ക് 40 വര്ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില് സ്വര്ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
Kerala
ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മരിച്ച സീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് അറിയിച്ചു.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച് ഭർത്താവ് ബിനു രംഗത്തെത്തിയിരുന്നു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് ഇതിൽ പങ്കുണ്ടെന്നും ബിനു ആരോപിച്ചിരുന്നു.
എന്നാൽ ആക്രമണമുണ്ടായെന്ന് പറയുന്ന സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.